ഹരിപ്പാട്: തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ കുട്ടികളെ ഹരിപ്പാട് എത്തിച്ച് നിർബന്ധിത ഭിക്ഷാടനത്തിന് ഇരയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പിതൃസഹോദരനെ റിമാൻഡ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി അന്തോണി(31)യെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മാന്നാർ തട്ടാരമ്പലത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഹരിപ്പാട് പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശൻ (11) എന്നിവരെ ഒരു മാസം മുൻപാണ് ഇയാൾ തൂത്തുക്കുടിയിലെ അനാഥമന്ദിരത്തിൽനിന്നു ഹരിപ്പാട്ട് എത്തിച്ചത്. ഹരിപ്പാട് ഭാഗത്ത് കുടനിർമാണ ജോലികൾ ചെയ്തുവന്നിരുന്ന ഇയാൾ കുട്ടികളെ ഭിക്ഷാടനത്തിന് നിയോഗിക്കുകയായിരുന്നു. ദിവസവും 1500 രൂപയായിരുന്നു കുട്ടികൾക്ക് ഇയാൾ നൽകിയിരുന്ന ടാർജറ്റ്. ഈ തുക ഭിക്ഷയെടുത്ത് നൽകിയില്ലെങ്കിൽ കുട്ടികൾക്ക് ഭക്ഷണം നൽകാതെ തലയ്ക്ക് പുറകിൽ ക്രൂരമായി മർദിക്കുമായിരുന്നു.
പീഡനം സഹിക്കവയ്യാതെ മൂത്തകുട്ടി മഹാരാജ ഓടി രക്ഷപ്പെട്ട് ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ കരച്ചിൽ കണ്ട് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചു. താൻ കുടുങ്ങുമെന്ന് മനസിലാക്കിയ അന്തോണി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബത്തോടൊപ്പം ഒളിവിൽ പോയെങ്കിലും പോലീസ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയും ഒപ്പമുണ്ടായിരുന്ന ഇളയകുട്ടിയെയും കണ്ടെത്തി.
പ്രതിക്കെതിരേ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ബാലഭവനിലേക്ക് മാറ്റി.